Monday 4 January 2010

തെക്കോട്ടു പോകുന്ന ആള്‍

തെക്കോട്ടു പോകുന്ന ആള്‍
     'മക്കളെത്രയുണ്ടെന്നു പറഞ്ഞിട്ടെന്താ പ്രായമാകുമ്പം ഒരുത്തനും ഉണ്ടാവുകയില്ല'.
പത്മനാഭന്‍ രോഷത്തോടെ പറഞ്ഞു. മക്കളേഴുണ്ട്;അഞ്ചാണും രണ്ടു പെണ്ണും. ഓരോരുത്തരും അവരവരുടെ വഴിക്കാണ്. കല്യാണം കഴിച്ചു വിട്ട രണ്ടു പെണ്‍മക്കളാണ് വല്ലപ്പോഴും അന്വേഷണത്തിനെങ്കിലും എത്തുന്നത്.
കുറെ ദിവസമായി ഭവാനി പരാതി പറയുകയാണ്. അവളുടെ സന്ധിബന്ധങ്ങളിലെല്ലാം വേദന. പത്തറുപറുതു വര്‍ഷക്കാലം കൊണ്ട് അസ്ഥികളൊക്കെ തേഞ്ഞു. ഓരോ പേറും കഴിയുമ്പോള്‍ നട്ടെല്ലിന്റെ കണ്ണികള്‍ ഒന്നൊന്നായി അകലുകയായിരുന്നത്രേ!  അകന്നതൊക്കെ അകന്നെന്നും ഇനിവല്ല എണ്ണയോ കുഴമ്പോ പുരട്ടി തിരുമ്മാനേ നിവൃത്തിയുളളുവെന്നും ഡോക്ടറു പറഞ്ഞൊഴിഞ്ഞു.
     ഇതൊന്നും വിശദമായി അവളോടു പറഞ്ഞിട്ടില്ല. കാലുകള്‍ക്ക് ശരീരത്തെ താങ്ങാനാകാതെയായി. ജോലി സ്ഥലങ്ങളിലും ഭാര്യാവീടുകളിലുമായി കഴിയുന്ന ഒരുത്തനും എണ്ണയും കുഴമ്പും വാങ്ങാന്‍ നൂറു രൂപയോ വിവരങ്ങളന്വേഷിച്ച് ഒരെഴുത്തോ അയയ്ക്കാറില്ല. മുജ്ജന്‍മത്തിലെ ശത്രുക്കള്‍ മക്കളായി പിറക്കും എന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ അനുഭവമായി. അവന്‍മാരെല്ലാം എന്തോ പ്രതികാരം തീര്‍ക്കുന്നതുപോലെയാണ് പെരുമാറുന്നത്.
     തനിക്കും ആവതുണ്ടായിട്ടല്ല; രണ്ടടി നടന്നാല്‍ ക്ഷീണമാണ്. ആയ കാലത്ത് മക്കളെയെല്ലാം പട്ടിണിക്കിടാതിരികാന്‍ അദ്ധ്വാനിച്ചു. കിതപ്പും ചുമയും ശ്വാസംമുട്ടലും കാരണം അധികമെങ്ങും പോകാന്‍ വയ്യ. എത്ര ദിവസമായി ഭവാനി ആശുപത്രിയില്‍ പോകുന്ന കാര്യം പറയുന്നു.
     എങ്ങനെയെങ്കിലും മെഡിക്കല്‍ മിഷനില്‍ കൊണ്ടു പോകണം. വയസ്സായെന്നു പറഞ്ഞാല്‍ ആര്‍ക്കു മനസ്സിലാകാനാണ്. മാംസപ്പറ്റുള്ളടെത്തെല്ലാം അവള്‍ക്കു വേദനയാണ്. മാംസമൊന്നുമില്ല;ചുക്കിച്ചുളിഞ്ഞ തൊലിക്കുള്ളില്‍ മറ്റൊരു തൊലി. ഉണര്‍ന്നിരിക്കുമ്പോഴൊക്കെ 'അയ്യോ, അമ്മേ' എന്നൊരു പല്ലവി മാത്രമേ അവള്‍ക്കുളളൂ. ആര്‍ക്കും വേണ്ടാത്ത തകരപ്പാത്രങ്ങളൊക്കെയും കുപ്പയില്‍ കിടന്നു ദ്രവിക്കുന്നതു പോലെയായിരിക്കും അവളുടെ അസ്ഥികളൊക്കെ പൊടിയുന്നത്.
     അല്പമൊരാവതുണ്ടെങ്കില്‍ അവള്‍ രാവിലെ തന്നെ കുളിക്കും. വൈകുന്നേരം ശുദ്ധി വരുത്തി നാമം ജപിക്കും. ഈയ്യിടെയായി 'എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ' എന്ന വിളി സദാ കേള്‍ക്കാം. കുറേശ്ശെ ഓര്‍മ്മക്കുറവും വന്നു തുടങ്ങിയോ എന്നു സംശയം. പണ്ടൊക്കെ തന്നെക്കാണുമ്പോള്‍ ഭവ്യതയോടെ എഴുന്നേറ്റു നില്‍ക്കാറുണ്ടായിരുന്ന അവള്‍ ഇപ്പോള്‍ തളര്‍ന്നൊരു നോട്ടമാണ്. കണ്ണുകള്‍ എന്നോ കുഴിഞ്ഞു താഴ്ന്നുപോയി.
     എല്ലാം തന്റെ കണ്‍മുന്നില്‍ നടന്നിട്ടും കാര്യമായി ശ്രദ്ധിച്ചത് അവള്‍ക്ക് വയ്യാതായപ്പോഴാണ്. അവിടവിടെ മുട്ടും മുഴങ്ങുമുളള കപ്പത്തണ്ടുപോലെയായി അവളുടെ വിരലുകള്‍. തന്നെക്കാള്‍ പ്രായവും അവശതയും അവള്‍ക്കാണിപ്പോള്‍. അതെങ്ങനാ അവളുടെ ചോരയും നീരും ഊറ്റിക്കുടിച്ചു കൊഴുത്തു വളര്‍ന്നില്ലേ കുറെ കംസന്‍മാര്‍! ഫാ.................... ഒന്നല്ലേ വേറൊന്നില്ലല്ലോ ഭഗവാനേ..................! മര്‍മ്മങ്ങളില്‍, അസ്ഥികളില്‍, സന്ധിബന്ധങ്ങളില്‍ എല്ലാം അസഹ്യമായ വേദനയാണെന്നാണവള്‍ പറയാറ്. സര്‍വത്ര ശരീരക്ഷീണം; എന്നാലുമവള്‍ക്കു വിശപ്പില്ല.
     പദ്മനാഭന്‍ മണ്ണെണ്ണവിളക്കില്‍ നിന്നും ഒരു ബീഡിക്കു തീ കൊളുത്തി. ചുമ.............വല്ലാത്ത ചുമ. എങ്കിലും ശീലിച്ചു പോയി. ശ്വാസംമുട്ടി വലിക്കുമ്പോള്‍ തീരുമാനിക്കും ഇനി ഒരിക്കലും ബീഡി വലിക്കരുതെന്ന്.
'നേരം വെളുക്കെട്ടെടീ നമുക്ക് മോടടുത്ത് പോയിട്ട് അവളേം കൂട്ടി ആശുപത്രീ പോകാം.'
    കുറ്റാക്കുറ്റിരുട്ട്. എല്ലായിടവും ഇരുട്ടു മാത്രം. കറുത്തവാവായിരിക്കും. വെറുതെയല്ല ശ്വാസം വലിക്കാനൊരു ബുദ്ധിമുട്ട്. തണുത്തു പുളിച്ച കുറെ കഞ്ഞി ഇരുപ്പുണ്ട്. അവള്‍ ഇനി കഴിക്കുമെന്നു തോന്നുന്നില്ല. അവള്‍ക്കു വേണ്ടെങ്കില്‍ പിന്നെ ശ്വാസം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന തനിക്കെന്തിനാണു കഞ്ഞി? മനസ്സിലും ശരീരത്തിലും വേദന അരിച്ചരിച്ചു കയറുന്നു. ഇങ്ങനെയും ഒരു കാലമുണ്ടല്ലോ ഈശ്വരാ! ഇനി കിടക്കാം. നേരം വെളുത്ത് എഴുന്നേല്‍ക്കണ്ടതല്ലേ. ഓ അല്ലെങ്കില്‍ മുറ്റത്തൊന്നിറങ്ങിയിട്ടാകട്ടെ.
'ഭവാനീ നീയാണോ തീപ്പെട്ടിയുരച്ചത്?'
     വന്നുവന്ന് അവള്‍ക്കുറക്കവുമില്ല. ഇരുട്ടിനെ ഭയമായിത്തുടങ്ങിയിരിക്കും. എന്തെങ്കിലും ശബ്ദം കേട്ടാലുടനെ അവള്‍ വിളക്കു കൊളുത്തും. വാവുദിവസത്തെ ഇരുട്ടിനുണ്ടോ മണ്ണെണ്ണവിളക്കിനെ ഭയം? ഈശ്വരോ രക്ഷതു.
രാവിലെ തന്നെ ആശുപത്രിയിലേക്കു തിരിച്ചു. ബസ്സു വരാന്‍ താമസിക്കുമോ?
'ഭവാനീ നീയിങ്ങനെ വഴിയില്‍ വന്ന് കുത്തിയിരിക്കാതെ. ആളുകള്‍ കണ്ടാ നാണക്കേടാ, വണ്ടിയിപ്പോ ഇങ്ങു വരും'.
     പാവം കാലിനു ശരീരത്തെ താങ്ങാന്‍ വയ്യെങ്കില്‍ എന്തു ചെയ്യും? വയ്യാഴികയ്ക്ക് നാണക്കേടെന്നു വല്ലതുമുണ്ടോ? ഓ ഇപ്പോ മിണ്ടാട്ടവും കുറഞ്ഞു. അല്ലെങ്കില്‍ തന്നെ എന്തു മിണ്ടാനാണ്? വായിട്ടലച്ചാല്‍ വേദന മാറുമോ?
'എടീ വണ്ടി വരുന്നു സൂക്ഷിച്ചു കയറണം വല്യ തെളളാണെന്നു തോന്നുന്നു. കുരിശുകവലേലെറങ്ങണം കേട്ടോ?
ഹോ ഇങ്ങനേമൊണ്ടോ ഒരു തെളള്! അതിന്റെടേലാ അവന്റെയൊരു തളളിക്കയററം. ഇപ്പഴത്തേ പിളളാര്‍ക്കൊന്നും ഒരു മര്യാദയുമില്ല. 'നീങ്ങി നില്‍ക്കാന്‍! ഇതിനെടേലെങ്ങോട്ടു നീങ്ങാനാ.'
' രണ്ടു കുരിശുകവല'
ഞാനെവിടുന്നു ചില്ലറ വാങ്ങിക്കാനാ. അല്ല ഇതു കൊണ്ടു പോയി നീയൊന്നും നന്നാവുകേല. ഈ തളളില്‍ ഭവാനി എന്തു ചെയ്യുമോ എന്തോ? തിരക്കില്ലായിരുന്നെങ്കില്‍ തറയിലായാലും അവള്‍ ഇരുന്നേനെ.
'കുരിശുകവല വേഗമാട്ടെ വേഗമാട്ടെ'
'ആളൊണ്ടേ...........'
'ഇങ്ങോട്ടെറങ്ങു മൂപ്പിലാനേ............ ഇയ്യാളെന്തുവാടോ ഡാന്‍സു കളിക്കുന്നേ?'
'മുമ്പീന്നൊരാളൂടൊണ്ടേ.............'
'ആരാ എറങ്ങാനൊള്ളേ ........... പേരു പറേടോ........'
 'എടീ.....എടിയേ'
'എന്താടോ പെണ്ണുപിളളയ്ക്കു പേരില്ലിയോ?'
 'ഭവാനി.. ഭവാനിയേ...........എടീ ഭവനിയേ.........'
 'ആണ്ടെടോ വരുന്നു അതാണോ ഭവാനിയെന്നു നോക്ക് പാം............പാം...........'
വേദനയോടെ നിസ്സഹായതയോടെ പദ്മനാഭന്‍ തിരിഞ്ഞു നോക്കി. തലയില്‍ വിറകുകെട്ടുമായി ഒരു കറുത്ത രൂപം നടന്നു നീങ്ങുന്നു. വിറകുമായി പോകുന്ന രൂപത്തെ കാണെക്കാണെ കണ്ണില്‍ ഇരുട്ടു കയറിയ അയാള്‍ തലയില്‍ കയ്യും വെച്ച് അരികില്‍ കണ്ട െൈമെല്‍കുറ്റിയില്‍  ഇരുന്നു.

8 comments:

  1. ആദരിക്കപ്പെടേണ്ട വയോധികര്‍ ഇന്ന് വളരെ കഷ്ടത്തിലാണ്. പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും. ഇന്ന് ഞാന്‍ നാളെ നീ എന്നോര്‍ക്കുകില്‍ ..... ചിരിക്കുമോ? നല്ല കഥ, നല്ല വിഷയം.
    നന്നായിട്ടെഴുതി.

    ReplyDelete
  2. ഇതൊക്കെ ആരോട് പററ്യാൻ
    വയസ്സായാൽ .....

    ReplyDelete
  3. വാര്‍ധക്യം.. ശത്രു പ്രബലനാണ്..

    ReplyDelete
  4. നല്ല അവതരണം കേട്ടൊ
    പിന്നെ എന്നെപ്പോലെയുള്ളവരൊന്നും ,വാർധ്യകകാലം വരെ കാത്തുനിക്കില്ലെന്ന സമാധാനമുണ്ട് ഇത് വായിക്കുമ്പോൾ..

    ReplyDelete
  5. സുകന്യ, നന്ദന, ഷൈന്‍ നരിത്തൂക്കില്‍(ഇവിടുന്നൊക്കെ അല്പം മാറിത്താമസിച്ചുകൂടെ?), ദിയ, ബിലാത്തിപട്ടണം സന്തോഷം.

    ReplyDelete
  6. ഇന്നു ഞാന്‍ നാളെ നീ..

    ReplyDelete
  7. തീവ്രമായ എഴുത്ത്‌.വാർദ്ധക്യമാണു മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവെന്ന് തോന്നുന്നു.

    ReplyDelete

Followers

About Me

My photo
I authored two books in regional language and interested in writing.Those who try to evaluate me listen and behold:nothing is mine, even these letters.

littlenonsensestories